2010 മേയ് 22, ശനിയാഴ്‌ച

കോമ വരുത്തിയ വിന

"ഡേയ് കവിയൂര്‍ പൊന്നമ്മ വന്നിട്ടുണ്ട്...പറഞ്ഞ പോലെ ഇന്നു വൈകീട്ട് നാലുമണിക്കു വരുമല്ലോ കൂട്ടിക്കൊണ്ട് പോകാന്‍" തന്റെ കമ്പനിയിലെ പ്രോടക്ഷന്‍ മാനേജര്‍ ദത്തന്‍ സാറിനുള്ള ഫാക്സ് മെസ്സേജ് തന്റെ റൂമിലുള്ള ഫാക്സ് മെഷിനില്‍ വന്നതു കണ്ടു ഭദ്രന്‍ ഒന്ന് സ്തംഭിച്ചു പോയി....തിരശീലയില്‍ മാത്രം കണ്ടിട്ടുള്ള, മൂന്നോ നാലോ ദശകങ്ങളായി മലയാള സിനിമയുടെ രോമാന്ച്ചമായ, എല്ലാവരും വളരെ ആദരവോടെ ഓര്‍ക്കുന്ന അമ്മ. തന്റെ ഭാര്യ രോഹിണിക്കു ദൈവത്തെ പോലെയാണ്. ഫാക്സ് അയച്ചിരിക്കുന്നത് ഒരു P N നായര്‍ ആണ് ജനക്പുരി, ന്യൂ ഡല്‍ഹിയില്‍ നിന്ന്. അഡ്രസ്‌ താഴെ കൊടുത്തിട്ടുണ്ട് ......ഭദ്രന്‍ ഉടനെ ആ ഫാക്സിന്റെ ഒരു ഫോടോസ്ടറ്റ് കോപ്പി എടുത്തു എന്നിട്ടാണ് ഒറിജിനല്‍ പിയൂണിന്റെ കയ്യില്‍ ദത്തന്‍ സാറിന്റെ ഓഫീസിലേക്ക് കൊടുത്തയച്ചത്‌.

ഭദ്രന്‍ ഉടനെ ലീവ് എടുത്തു തന്റെ ബജാജ് സ്കൂട്ടെറില്‍ വീട്ടിലേക്കു വെച്ച് പിടിച്ചു...ഇപ്പോള്‍ സമയം 12 മണി വേഗം ചെന്ന് ഭാര്യയും കൂട്ടി നാല് മണിക്ക് മുന്‍പ് ചെന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്നാ അത്ഭുത പ്രതിഭാസത്തെ കാണാം. അര മണിക്കൂര്‍ കൊണ്ട് അയാള്‍ വീട്ടിലെത്തി ഭാര്യ രോഹിണിയോട് വിവരം പറഞ്ഞപ്പോള്‍ അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..." വേഗം പുറപ്പെട്...പെട്ടെന്ന് എത്തണം ...നാല് മണിക്ക് അവര്‍ അവിടെ നിന്ന് പോകും...പിന്നെ ഈ വിവരരം ആരോടും പറയേണ്ട ...ജനത്തിരക്കാകും."

ആരോടും പറയില്ല എന്ന് ഉറപ്പു കൊടുത്തെങ്കിലും രോഹിണി തന്റെ പ്രിയ മിത്രം ശാന്തമ്മയോട്‌ മൊബൈലില്‍ രഹസ്യമായി പറഞ്ഞു...എന്നിട്ട് പറഞ്ഞു ആരോടും ഈ വിവരം പറയേണ്ട എന്നു... അവര്‍ പെട്ടെന്ന് പുറപ്പെട്ടു ജനക് പുരിയിലേക്ക്....വഴിയില്‍ ട്രാഫിക്‌ ഉണ്ടായിരുന്നെങ്കിലും 3. മണിക്ക് തന്നെ അവര്‍ അവിടെ എത്തി..പക്ഷെ പറഞ്ഞ വീടിന്റെ ഗേറ്റിനു മുന്നില്‍ എത്തിയപ്പോള്‍ പറയാന്‍ വയ്യാത്ത ജനത്തിരക്ക്... പിന്നെയും മലയാളികള്‍ വന്നു കൊണ്ടേയിരിക്കുന്നു....എല്ലാവരും കേട്ടറിഞ്ഞു വന്നവരാണ്...ഒരു ഭദ്രന്‍ ആണ് പറഞ്ഞതെന്ന് മാത്രം അറിയാം.

"ഇതാ ഭദ്രന്‍ സാറും രോഹിണി ചേച്ചിയും എത്തി " ആരോ വിളിച്ചു പറഞ്ഞു...സ്കൂട്ടര്‍ പാര്‍ക്ക്‌ ചെയ്തു ഭദ്രനെയും രോഹിണിയും അകത്തേക്ക് പോകാന്‍ ജനം വഴി മാറിക്കൊടുത്തു...കാരണം അവര്‍ക്കല്ലേ മെസ്സേജ് വന്നത്.....ഇതിനകം വീട്ടുടമ P N നായര്‍ ശബ്ദം കേട്ട് വാതില്‍ തുറന്നു...ജനാരവം കണ്ടു അമ്പരന്നു...

മുന്നില്‍ എത്തിയ ഭദ്രനോട് തിരക്കി. "എന്താ എല്ലാരും കൂടെ.... എന്താ ഇവിടെ..."

"ഞങ്ങള്‍ക്ക് പൊന്നമ്മ ചേച്ചിയെ കാണണം " വളരെ ഭവ്യതയോടെ ഭദ്രന്‍ പറഞ്ഞു...ഇവരെല്ലാം പൊന്നമ്മ ചേച്ചിയെ ഒരു നോക്ക് കാണാന്‍ വന്നതാ. P N നായര്‍ അതിശയിച്ചു പോയി...പോന്നമ്മയെ കാണാന്‍ ഇത്ര ആള്‍ക്കാരോ....ഇവര്‍ക്ക് വീട് തെറ്റിയ തോന്നും അല്ലായിരിക്കും. എന്തായാലും P N നായര്‍ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു..." പൊന്നമ്മേ നിന്നെ കാണാന്‍ ഇതാ കുറെ ആള്‍ക്കാര്‍ വന്നിരിക്കുന്നു... ഒരു പാട് പേരുണ്ട്....നീ ഇത്രയും ഫേമസ് ആണെന്ന് ഞാന്‍ കരുതിയില്ല. " ജനം രോഷം കൊണ്ട്....തങ്ങളുടെ ആരാധ്യ പൊന്നമ്മ ചേച്ചിയെ ഇയാള്‍ എന്താ നീ എന്ന്നു സംബോധന ചെയ്തത്. എങ്കിലും രോഷം അടക്കി അവര്‍ നിന്ന്..

അവസാനം കാത്തു കാത്തു നിന്ന ജനത്തിന് മുന്നില്‍ പൊന്നമ്മ പ്രത്യക്ഷപ്പെട്ടു ...മുപ്പതു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന മേലെ വരിയിലെ പല്ല് പൊന്തിയ ഒരു സ്ത്രീ. "ആര്‍ക്കാടാ എന്നെ കാണേണ്ടത്" അവര്‍ ചോദിച്ചു. ഇത് കണ്ടു ജനം ഞെട്ടി..."ഇതല്ല പൊന്നമ്മ " ജനം വിളിച്ചു പറഞ്ഞു...

P N നായര്‍ അത്ഭുതം കൂറി...."ഇതല്ലാതെ ഇവിടെ വേറേതു പൊന്നമ്മ ..."

"ഞങ്ങള്‍ക്ക് കാണേണ്ടത് കവിയൂര്‍ പൊന്നമ്മ ചെച്ചിയെയാ ...വിളച്ചിലോന്നും വേണ്ട" ഭദ്രന്‍ മുന്നോട്ടു കയറി പറഞ്ഞു....

P N നായര്‍ക്കും ദേഷ്യം വന്നു തന്റെ വീട്ടില്‍ കയറി വന്നു തന്നോട് കയര്‍ക്കുന്നോ... അയാള്‍ ചോദിച്ചു " ആരാ .തന്നോട് പറഞ്ഞത് ഇവിടെ കവിയൂര്‍ പൊന്നമ്മ വന്നിട്ടുണ്ടെന്ന്....ഞാന്‍ പറഞ്ഞോ... അയാള്‍ കയര്‍ത്തു..

അപ്പോള്‍ വിജയേഷുവിനെപ്പോലെ പോക്കറ്റില്‍ നിന്ന് ആ ഫാക്സ് കോപ്പി എടുത്തു കാണിച്ചു ഭദ്രന്‍. ഇത് നിങ്ങള്‍ ഞങ്ങളുടെ കമ്പനിയിലെ ദത്തന്‍ സാറിനു അയച്ച ഫാക്സ് അല്ലെ... നായര്‍ അത് നോക്കി ...ശരിയാണ്... അത് താന്‍ ദത്തന് അയച്ചതാണ്....അയാള്‍ വരേണ്ട സമയമായി...പൊടുന്നനെ അയാളുടെ കണ്ണുകള്‍ ഫക്സിലെ വരികളില്‍ ഉടക്കി..."ഹോ..അയാള്‍ നെറ്റിയില്‍ കൈ വെച്ചു..."

ഉടനെ അയാള്‍ ഫാക്സ് മെസ്സേജ് ഉയര്‍ത്തി പിടിച്ചു കൂടി നില്‍ക്കുന്ന ജനങ്ങളോട് പറഞ്ഞു...ഇവിടെ ഈ പൊന്നമ്മ തന്നെ ഉള്ളു...ഈ ഫാക്സ് ഞാന്‍ അയച്ചത് തന്നെ...അതിലെ വരികള്‍ ഇതാണ് ഡേയ് കവിയൂര്‍ പൊന്നമ്മ വന്നിട്ടുണ്ട്....." അതില്‍ "ഡേയ് കവിയൂര്‍" കഴിഞ്ഞു കോമ ഇടാന്‍ മറന്നു. ദത്തന്‍ ഒരു കവിയും കൂടിയാണല്ലോ ഞാന്‍ അവനെ കളിയാക്കി കവിയൂര്‍ എന്ന് വിളിക്കാറുണ്ട്...ഞങ്ങള്‍ വളരെ ക്ലോസ് ആയതുകൊണ്ട് "ഡേയ് കവിയൂര്‍" എന്നാ ഈപ്പോഴും വിളിക്കുന്നത്.. ദത്തന് ഇക്കാര്യം അറിയാം...നിങ്ങള്‍ എന്തിനാ ഈ ഫാക്സും പൊക്കിപിടിച്ച് ആളെ കൂട്ടിയത്...ഒന്നുമില്ലെങ്കില്‍ ഒന്ന് ഫോണ്‍ ചെയ്തു ചോദിക്കാമായിരുന്നില്ലേ ...ഫോണ്‍ നമ്പര്‍ താഴെ ഉണ്ടല്ലോ..." ഇതിനകം ദത്തനും അവിടെ എത്തി വിവരം അറിഞ്ഞതും അയാള്‍ ചിരിയോടു ചിരി...എന്നിട്ട് ഭദ്രനെ അടുത്ത് വിളിച്ചു..."തനിക്കു എന്നോടെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു. എടൊ ഇത് പൊന്നമ്മ എന്റെ വീടിനടുത്തുള്ളതാ ....പിള്ളേരെ നോക്കാനും വീട്ടു ജോലിക്കും വേണ്ടി വന്നതാ...നായര്‍ ചേട്ടന്‍ ഇന്നലയെ നാട്ടില്‍ നിന്ന് വന്നത്...അദ്ധേഹത്തിന്റെ കൂടെയാ പൊന്നമ്മ വന്നത്...ഛെ നാണക്കേട്‌...അറിഞ്ഞു ആ വീട്ടിലുള്ളവരെല്ലാം ചിരിയോടു ചിരി അപ്പോള്‍ പുറത്തു നില്‍ക്കുന്ന ആള്‍ക്കാരെല്ലാം ഒന്നും ആലോചിക്കാതെ എടുത്തു ചാടിയതിന്റെ ചമ്മലിലായിരുന്നു...അവര്‍ അന്യോന്യം കുറ്റപ്പെടുത്തി... എല്ലാവരും അവഞ്ഞയോടെ ഭദ്രനെ നോക്കി...ഇയാളാണല്ലോ ഇതെനെല്ലാം കാരണക്കാരന്‍ എന്നോര്‍ത്ത്...എല്ലാവരുടെയും മുന്നില്‍ നാണക്കെടുകൊണ്ട് തോലിയുരിഞ്ഞുപോയ പോലെ ഭദ്രന്‍ ആ കൂട്ടത്തില്‍ നിന്ന് ഉരുകി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ